Saturday, February 6, 2021

......

 ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വിളികളും ഭയപ്പാടുകളായിരുന്നു.അതോടെ ഭയത്തെ ഞാൻ ഭയക്കാൻ തുടങ്ങി.അത് മറികടക്കാൻ മരണത്തിനേ ഇനി  സാധിക്കു എന്ന അവസ്ഥയിലേക്കെത്താൻ തുടങ്ങി.എല്ലാത്തിനും കാരണം അയാളാണ്.അയാൾ മാത്രമായിരുന്നു എൻ്റെ  ഭയം.

                                                           CCU വിലെ മരവിച്ച തണുപ്പിൽ ഞാൻ കയറി കണ്ടിരുന്നയാളെ എനിക്ക്  പരിചയം ഇല്ലായിരുന്നു .എൻ്റെ ശ്രദ്ധക്കുറവോ  മാനസിക വിഭ്രാന്തികളോ ആകാം അയാളെ അവിടേക്കെത്തിച്ചത്  എന്ന കുറ്റബോധവും പേറി  അറ്റമില്ലാത്ത നാൾവഴികൾ  നടന്നു തീർക്കണം.എല്ലാ വികാരങ്ങളും ക്ഷണികമാണ്.;ദുഃഖം ഒഴികെ....അത് കാലം തന്നെ മായ്ക്കണം.പക്ഷെ ഓരോ തവണ മായ്ക്കുമ്പോഴും അതിനു മൂർച്ച കൂടിക്കൊണ്ടേയിരിക്കുന്നു.
                                                                                                  ചെറിയ ചുമ ,പനി  അത്രേ കരുതിയുള്ളൂ.അല്ല,അത്രേ കണക്കാക്കിയുള്ളൂ .ആശുപത്രിയിൽ ഡോക്ടർ വളരെ സമാധാനത്തിൽ വന്നും പോയും ഇരുന്നു.ചുമ അസഹനീയമായിത്തുടങ്ങി.ചുമച്ച് രണ്ട്  വശവും വേദനിക്കുമ്പോൾ മങ്ങിത്തുടങ്ങിയ ആ കണ്ണുകൾ ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു ...."വല്ലാതെ വേദനിക്കുന്നു" എന്ന നിസ്സഹായത.എൻ്റെ  അഹങ്കാരം എന്നെ നോക്കി പുച്ഛിച്ചു.എന്ത് ചെയ്യണം എന്നറിയാതെ എന്തിനൊക്കെയോ ശ്രമിച്ചു.ഒന്നും നടന്നില്ല. വേച്ചു പോകുന്നതിനിടക്ക് ഓടി ചെന്ന് പിടിക്കുമ്പോൾ  "വേണ്ട ഞാൻ തന്നെ നടന്നോളാം നിനക്ക് നടു  വിലങ്ങും"ഒന്ന് വീശിക്കൊടുത്താൽ ."വേണ്ട നിനക്ക് കൈ കഴക്കും".സ്വയം ബുദ്ധിമുട്ടുകൾ ഏറ്റെടുക്കുകയെ എന്നും ചെയ്തിട്ടുള്ളു ആരെയും വേദനിപ്പിക്കാതെ ;വിഷമിപ്പിക്കാതെ...ശ്വാസവായുവിനു പിടയുമ്പോഴും  എൻ്റെ ബുദ്ധിമുട്ടായിരുന്നു  ആ മനസ്സിലെ ആധി.
                                              ഉടനെ CCU വിലേക്കെത്തിച്ചു.ട്യൂബ് ഇടീക്കരുതേ എന്ന് ഒരായിരം വട്ടം എന്നോട് പറഞ്ഞു.എൻ്റെ ഉത്തരവാദിത്തത്തിൻറെ അഹങ്കാരം അത് ചെവിക്കൊണ്ടില്ല.പിന്നീട്    ശരീരമാകെ   മൂടിക്കെട്ടി  മാസ്കും വച്ച് ചെന്ന് നിൽക്കുമ്പോൾ  എൻ്റെ പൊട്ട്  കണ്ടു എന്നെ ആ കണ്ണുകൾ തിരിച്ചറിഞ്ഞു.
വീട്ടിൽ പോണം എന്ന വാശി കേട്ടപ്പോൾ ഡോക്ടർ തല്ക്കാലം STEPDOWN  ICU  വിലേക്ക് മാറ്റി.ശ്വാസം കിട്ടാത്ത പരിഭ്രമത്തിനിടയിലും പരിചയമുള്ള എൻ്റെ  മുഖമെങ്കിലും  കണ്ട ആശ്വാസമായിരുന്നു ഞാനവിടെ കണ്ടത്.എണീറ്റിരിക്കാനും ടീവീ കണ്ടു എല്ലാം ശരിയായി എന്ന് സ്വയം  സമാധാനിക്കാനും ശ്രമം നടത്തിനോക്കി.പക്ഷെ ഉടനെ സ്ഥിതി വീണ്ടും വഷളായി വീണ്ടും CCU . ശരീരം മുഴുവൻ ട്യൂബുകളും പേറി കിടക്കുന്ന ആ രൂപത്തെ മറ്റാർക്കും കാണാൻ ത്രാണി ഇല്ലാത്തതു കൊണ്ട് ഞാൻ കണ്ടു.വീണ്ടും വീണ്ടും....ഒരിക്കൽ എൻ്റെ  കൈ പിടിച്ചു തടവി പറഞ്ഞു "ഇനി മരണമാണ് ഒരു ദിവസമെങ്കിലും  എൻ്റെ  വീട്ടിൽ കിടന്നിട്ട് മരിക്കാൻ കഴിഞ്ഞെങ്കിൽ"ഹൃദയം തകർക്കുന്ന വാക്കുകൾ ഒപ്പം രണ്ടുതുള്ളി കണ്ണുനീർ ആ കണ്ണിൽ നിന്ന് വീഴുന്നത് ജീവിതത്തിൽ ആദ്യമായി ഞാൻ കണ്ടു.ശ്രദ്ധയില്ലാത്ത പരിചരണം ആ ശരീരത്തിൽ വേദനകൾ നൽകി.എന്നിട്ടും പരിഭവം ഉണ്ടായില്ല.എൻ്റെ കൈ തടവും....പറയാൻ വരുന്ന വാക്കുകൾ തൊണ്ടയിൽ തടയും.പക്ഷെ എനിക്ക് മനസ്സിലായിരുന്നു.കുറച്ചു ആശ്വാസം നല്കുന്ന അന്തരീക്ഷത്തിലേക്ക്  മാറ്റുവാനുള്ള ശ്രമം വിജയിച്ചു.പക്ഷെ അതും വേദനിപ്പിച്ചിരിക്കണം.മാറ്റത്തിനിടയിലെ ആ നിലവിളികളും പരാക്രമവും കണ്ടത് ഞാൻ മാത്രം.എങ്ങിനെ ഇതൊക്കെ കണ്ടു ഞാൻ ജീവിച്ചിരിക്കുന്നു എന്ന് അപ്പോൾ ഓർത്തില്ല.അപ്പോൾ ഓർമ്മയേ  ഉണ്ടായില്ല.അപേക്ഷ മാത്രമേ ഉണ്ടായുള്ളൂ....പോകരുതേ എന്നെ വിട്ട് ..ഒരു പ്രതീക്ഷ എപ്പോഴോ വന്നു.എല്ലാവരും പ്രതീക്ഷ കൈ വിട്ടപ്പോഴും ഞാൻ പ്രതീക്ഷിച്ചുകൊണ്ടേ  ഇരുന്നു.പ്രാർത്ഥിച്ചുകൊണ്ടേ ഇരുന്നു ആ പ്രതീക്ഷ എന്നെ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ടിരുന്നു.പക്ഷെ ഒരിക്കൽ തുളസീതീർത്ഥവും കഴിച്ച് ആരോടും ഒരു പരാതിയും പരിഭവവും പറയാതെ എൻ്റെ  മുന്നിൽ വച്ച് പതുക്കെ സാവധാനം പോയി...ജീവശ്വാസം നിലക്കുന്നത്  ഞാൻ കണ്ടു.വെള്ള തുണിയിൽ  പൊതിഞ്ഞു  ഭസ്മം തൊട്ടു പുഞ്ചിരിയോടെ  കിടന്നു. ,അവകാശപ്പെട്ടവർ എടുത്തു  ചിതയിൽ വച്ചു.അവിടെ കത്തിയമർന്നത്   എൻ്റെ  ശക്തിയായിരുന്നു ..എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തിയ കൈത്താങ്ങായിരുന്നു .അത് എൻ്റെ   അച്ഛനായിരുന്നു.വിരലിൽ തൂങ്ങി നടന്നിരുന്ന എൻ്റെ കൈ  വിടുവിച്ച്  അച്ഛൻ പോയി.എനിക്ക് തയ്യാറെടുക്കാൻ സമയം തരാനായി  സ്വയം സഹിച്ചു  സഹിച്ച്  അവസാനം പോയി.ഇനിയും ഒരു കഥ വായിച്ച വിങ്ങലേ എനിക്കനുഭവപ്പെടുന്നുള്ളു.ആ സാന്നിധ്യം ഇല്ലെന്ന  തിരിച്ചറിവ് വ്യക്തമായും ഞാൻ അംഗീകരിച്ചിട്ടില്ല ..തിരിച്ചറിഞ്ഞിട്ടും ഇല്ല .ഇപ്പോഴും  പ്രതീക്ഷയോടെ എന്തൊക്കെയോ ചെയ്തു കൂട്ടി കൊണ്ടേ ഇരിക്കുന്നു..പാതിയായി കിടക്കുന്നതും പൂർത്തിയാക്കാൻ കിടക്കുന്നതും ചെയ്യാൻ ബാക്കി വച്ചതും ഒക്കെ,,,,,,, കൂടെയുണ്ടെന്നും   കാണുന്നുണ്ടെന്നും  എനിക്കായി വരും എന്ന  പ്രതീക്ഷയോടെ....... 










......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...