Wednesday, September 28, 2011

മേശപ്പുറത്തു അച്ഛന്‍ അലസമായി ഇട്ട ഒരു ഇരുപതു പൈസ തുട്ട്.അതെനിക്ക് തന്നത് ജീവിതത്തിന്റെ വലിയൊരു തിരിച്ചറിവായിരുന്നു.എനിക്കന്ന് 11  വയസ്സ് കാണും.അച്ഛനും അമ്മയും അധ്യാപകര്‍ .അത് കൊണ്ട് തന്നെ എല്ലാ കണ്ണുകളും എന്നെ  സദാ സമയവും പിന്‍ തുടര്‍ന്നിരുന്നു.സ്കൂളില്‍ അമ്മയുടെ കൂടെ സ്റ്റാഫ്‌ റൂമില്‍ പോയിരുന്നു വേണം ഉണ്ണാന്‍ .കുട്ടികള്‍ ഉച്ചയുടെ ഇടവേളകളില്‍ നെല്ലിക്ക ഉപ്പിലിട്ടതും ,ശര്കര മിട്ടായിയും 5 പൈസക്ക് കിട്ടുന്ന പിങ്ക് നിറത്തിലുള്ള മിട്ടായികളും നുണയുന്ന തിരക്കിലാവും ഞാന്‍ ഉണ്ട് തിരിച്ചു ചെല്ലുമ്പോള്‍ .ഞാന്‍ ഒരിക്കലും അതൊന്നും വാങ്ങാത്തത് കൊണ്ട് ഒരിക്കലും എനിക്കതിന്റെ  പങ്കും കിട്ടിയിരുന്നില്ല.വെള്ളിയാഴ്ച ഉച്ചക്കാണ് സങ്കടം കൂടുതല്‍ വരിക.അന്ന് 2  മണിക്കൂര്‍ ആണ് ഉച്ചയുടെ ഇടവേള.അന്ന് കുട്ടികള്‍ കളിയ്ക്കാന്‍ ഗ്രൗണ്ടില്‍ പോകും. കുറെ പേര്‍ കൂട്ട്കാരുടെ വീട്ടില്‍ പോകും ,കുറെ പേര്‍ സ്കൂളിനു താഴെയുള്ള കൊച്ചു പെട്ടിക്കടകളില്‍ പോയി ഓരോന്ന് വാങ്ങി കൊറിക്കും."പിശുക്കന്റെ കട "യായിരുന്നു അവരുടെ സൂപ്പര്‍ മാര്‍ക്കറ്റ്‌.പല്ലോട്ടി മിട്ടായി മുതല്‍ ബബ്ബ്ള്‍ഗം വരെ അവിടെ കിട്ടും.സ്കൂള്‍ അല്‍പ്പം പൊക്കമുള്ള സ്ഥലത്താണ്.താഴെ വേണം ബസ്‌ ഇറങ്ങാന്‍ .അവിടെ ഇറങ്ങുമ്പോ കാണാം പിശുക്കന്റെ പെട്ടിക്കട.രാശിക്കായ,നെല്ലിക്ക ലൂവിക്ക,മിട്ടയികള്‍.. .എന്റെ മനസ്സിലെ മായാപ്രപഞ്ചം വര്‍ണങ്ങള്‍ വാരി  വിതറുന്ന കണ്ണാടിക്കുപ്പികള്‍ .അവിടെ രാജാവിനെ പ്പോലെ വിരാജിക്കുന്ന പിശുക്കന്‍ സര്‍ബത്ത് ഉണ്ടാക്കുന്ന തിരക്കിലാവും.ആ നാരങ്ങ തൊലികള്‍ കൊണ്ടാണത്രേ അയാള്‍ നാരങ്ങ ഉപ്പിലിട്ടത്‌ ഉണ്ടാക്കി വില്‍ക്കുന്നത് .ആ അപവാദം പക്ഷെ എന്റെ ആരാധനക്ക് അല്‍പ്പം പോലും കോട്ടം തട്ടിച്ചില്ല.ഒരിക്കലെങ്കിലും അവടന്ന് ഞാന്‍ അതെ വരെ കഴിക്കാത്ത ബബ്ള്‍ഗം കഴിക്കാന്‍ പറ്റുമോ ആവോ?തുണി സഞ്ചിം താങ്ങിപ്പിടിച്ചു  എന്റെ പാരഗണി നെയും വലിച്ചു അമ്മേടെ വഴക്കും കേട്ട് ഞാന്‍ നടക്കും സ്കൂളിലേക്ക്..ഒരിക്കല്‍ ഒരു ഉച്ച സമയംഅമ്മക്ക് സ്റ്റാഫ്‌ മീറ്റിംഗ് ..എനിക്കനുവാദം ഗ്രൗണ്ടില്‍ പോയി കളിക്കാന്‍ . പതിഞ്ഞു ഒഴുകുന്ന തോട്ടിലേക്ക് നോക്കി ഞാന്‍ കൂട്ടുകാര്ടെ കൂടെ ഇരുന്നു .അവിടെ നിറയെ ചുവന്ന വക പൂത്ത്‌ പൂക്കള്‍ നിറഞ്ഞു കിടക്കും.കൂട്ടുകാര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്.ഞാന്‍ വെറുതെ കേട്ടിരുന്നു.അവിടെ ഒരു വിശുദ്ധയുടെ ഖബറിടം ണ്ട് .എന്തോ ആവേശത്തില്‍ ഞാനും പറഞ്ഞു .ഞാനും വരുന്നു.എന്നേം കൊണ്ട് പോകു.അവരാല്‍ ചുറ്റപ്പെട്ടു ഏകദേശം 2  കിലോ മീ.ദൂരം വരുന്ന ആ പള്ളിയിലേക്ക് നടന്നു പോയി വന്നു ഞാന്‍ .അമ്മയെങ്ങനും ഇടയില്‍ വിളിച്ചിരുന്നെങ്കില്‍ ..ഇപ്പൊ ഓര്‍ക്കുമ്പോ കൂടി കൈകാല്‍ വിറക്കുന്നു.
                                          അന്നത്തെ ആ പോക്ക് എനിക്ക് തന്നത് ഒരു തരം ധൈര്യമായിരുന്നു.അത് ഒരു ആല്‍മരത്തെ പോലെ വേരൂന്നി വളരാന്‍ തുടങ്ങി.ആയിടക്കാണ്‌ അച്ഛന്‍ അലസമായി മേശപ്പുറത്തിട്ട നാണയ തുട്ടുകള്‍ ഞാന്‍ ശ്രദ്ധിക്കുന്നത്.20 ,10  പൈസകള്‍ .അതിലൊരു 20  ന്റെ മുകളില്‍ ആരും ശ്രദ്ധിക്കുന്നില്ലെന്ന തെറ്റിദ്ധാരണയോടെ ഞാന്‍ ഒരു പുഷ്തകം കയറ്റി വച്ചു.പിന്നീട് അതി സമര്‍ത്ഥമായി അതെടുത്തു തുണിസഞ്ചിയിലും നിക്ഷേപിച്ചു;ഭദ്രമായി.കിടന്നിട്ടു ഉറക്കം വന്നില്ല.നാളെ വെള്ളിയാഴ്ച നെലെ ഞാനും...ഹോ...
                                   രാവിലെ നേരത്തെ ഉണര്‍ന്നു.അച്ഛന്യും അമ്മയെയും നോക്കാന്‍ പറ്റുന്നില്ല.മിന്‍ചിയെ ഒട്ടും നോക്കിയില്ല.എന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങള്‍ക്ക് അവള്‍ നന്നായി കഥ രചിക്കും ..സ്കൂളിലെത്തി ..ഉച്ചയാവുന്നില്ലല്ലോ..അതാ നീണ്ട മണിമുഴക്കം.അമ്മയുടെ അടുത്തേക്കോടി .വാരി വലിച്ചു ഉണ്ടു.ഈ കുട്ടിക്കിന്നെന്താ പറ്റിത് ..?ടീച്ചര്‍ മാരുടെ ചോദ്യത്തിനുള്ള ഉത്തരം ഒരു ചിരിയില്‍ ഒതുക്കി ;കള്ളത്തരത്തെ അതി സമര്‍ത്ഥമായി   ഒളിപ്പിച്ച്  അവിടന്ന് ഓടി.സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള സ്ഥിരം  കുറ്റികള്‍ പുറപ്പെടുന്നെ ഉള്ളു. അവരാല്‍ മറയ്ക്കപ്പെട്ടു ഞാനും അല്‍പ്പം അഹങ്കാരത്തോടെ നടന്നു ഇതു നിമിഷവും പിടിക്കപ്പെടാം ..ആ സ്റ്റാഫ്‌ റൂമിന്  മുന്പിലൂടെയുള്ള യാത്ര !!!ആലിലകള്‍ ആര്‍ത്തു ഉല്ലസിക്കുന്നു.പിങ്ക്  നിറത്തിലുള്ള ആ കടലാസ് പൊതിയില്‍ എന്റെ സ്വപ്നം ബബ്ബ്ള്‍ഗം.എന്താ അതിന്റെ നിറം, ഭംഗി,മണം..ഒരുപാട് ബബ്ബ്ള്‍ഗങ്ങള്‍ക്ക് ഉടമസ്ഥനായ പിശുക്കനെ ആദരപൂര്‍വ്വം നോക്കി നിന്നു ഞാന്‍ .സ്കൂളില്‍ തിരിച്ചെത്തി അത് വായിലിട്ടു .മധുരം മുഴുവന്‍ നുണഞ്ഞു തീര്‍ന്നില്ല."കുട്ടി അമ്മ വിളിക്ക്ണ്ട്  വേഗം വരന്‍ പറഞ്ഞു "അയ്യോ ഈ മിട്ടായി ഇപ്പൊ എന്ത് ചെയ്യും?അമ്മക്ക് വിളിക്കാന്‍ കണ്ട സമയം ...മിട്ടായി എടുത്തു പാവാട വക്കില്‍ സൂക്ഷിച്ചു  വച്ച് ഓടി.തിരിച്ചു വന്നു അതെടുക്കാന്‍ നോക്കിയപ്പോള്‍ വെള്ളിടി വെട്ടി !!!!അത് ഒട്ടിപ്പിടിച്ചിരിക്കുന്നു !!ഇനി എന്ത് ചെയ്യും.ഇതമ്മ കണ്ടു പിടിക്കും ഉറപ്പ്‌.പേരിനു എണ്ണാവുന്ന കുറച്ചു വസ്ത്രങ്ങള്‍ .അതില്‍ ഒരെണ്ണത്തില്‍ അല്‍പ്പം പൊടി പറ്റ്യാല്‍ പോലും കണ്ടു പിടിക്കും. എന്റെ കള്ളത്തരം ..അച്ഛന്‍ ,അമ്മ, മിന്‍ചി ...ചോദ്യങ്ങള്‍  ഉത്തരങ്ങള്‍ ..വീടെത്തി.രാവിലത്തെ പ്രസരിപ്പ് വിയര്‍പ്പു കണങ്ങളായി മാറി.ആലിലകള്‍ നിശബ്ദരായി.പാവാട അലമാരിയുടെ അടിയിലേക്ക് തള്ളിനീക്കിയിട്ടു തല്ക്കാലം സുരക്ഷിതയായി.
                                                            "നീ വരണ്ടോ മോളിന്നു നാളികേരം എടുക്കാന്‍ "അച്ഛനാണ് .ഞാന്‍ അച്ഛന്റെ സഹചാരി സഹായിയാണല്ലോ .പതുക്കെ കൂടെ ചെന്നു.ഒന്ന് രണ്ടു വട്ടം അച്ഛന്‍ മുഖത്തേക്ക് നോക്കി.ആ പൈസ എന്താ ചെയ്തെ നീ ..നാളികേരം എടുത്തിടുന്നതിനിടെ ലാഘവത്തോടെ അച്ഛന്റെ ചോദ്യം.ഈശ്വര ..തല കറങ്ങുന്നുണ്ടോ. അതോ എന്റെ ചുറ്റിനുമുള്ള ലോകമാണോ കറങ്ങുന്നത് ..ധൈര്യം ശക്തി  കൊടുത്ത ആലിലകള്‍ കരിഞ്ഞു  കൊഴിയുന്നു.വിങ്ങലോടെ വിറയലോടെ കഥകള്‍ മുഴുവന്‍ പറഞ്ഞു .അച്ഛന്‍ പറഞ്ഞു.സാരല്ല്യ.ഇനി ചെയ്യരുത് ട്ടോ.അങ്ങനെ പലതും തോന്നും.അപ്പൊ വേണ്ട എന്ന് അവനവനോട് ശക്തിയായി പറയാനുള്ള ധൈര്യം വേണം.നല്ല മനസ്സുള്ള ആള്‍ക്കേ നല്ല വ്യക്തിയവാന്‍ പറ്റുള്ളൂ.ഇതൊന്നും അതിനു തടസ്സം ആവാതെ നോക്കണം.അച്ഛനും അതാവില്ലേ സന്തോഷം..അച്ഛന്‍ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.മനസ്സില്‍ തറച്ചത് ഇത്ര മാത്രമാണ്.അതൊരു ശക്തമായ തിരിച്ചറിവായിരുന്നു.ഞാന്‍ മനസ്സ് കൊണ്ട് അച്ഛന് കൊടുത്ത വാക്ക് തുടരുന്നു...പിന്നീടൊരിക്കലും അലസമായി കിടക്കുന്ന നാണയത്തുട്ടുകളോ ആളിലകളുടെ കലമ്പലോ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല ....
                             "ഈ പാവാട ഇതാരാ ഇവടെ കൊണ്ടിട്ടേ..ഹൌ ഇതിലെന്താ ഒട്ടിപ്പിടിച്ചിരിക്കണേ..ഈ കുട്ട്യേ ഞാന്‍" ...വിരണ്ടിരിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അച്ഛന്‍ പറഞ്ഞു ..പേടിക്കണ്ട അമ്മ ബബ്ബ്ള്‍ഗം കഴിച്ചിട്ടേയില്ല്യ ...... :)

Tuesday, September 6, 2011

ഓര്‍മ്മകള്‍

അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച്  വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ  ഒന്നും  പറയാത്ത ബാല്യം . അച്ഛനും  അമ്മയും    പ്രാരാബ്ദ ത്തിന്റെ തിരക്കില്‍  എന്നെ  കാലത്തിനു  വിട്ടതാകും  .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള  സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍   തലോടുമ്പോ   കണ്ണടച്ച്  നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത്  നഷ്ട്ടപ്പെടാതെ  മുഴുവനും  അങ്ങട്ട്  കിട്ടാന്‍   .എനിക്ക്  മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാനും  ഉള്ള സ്വാതന്ത്ര്യം ആയിരുന്നു ആ സ്നേഹം..എനിക്ക്   ഇഷ്ടളള കഥകള്‍ എന്നും പറഞ്ഞു തരുന്ന സ്നേഹം.ദേഷ്യത്തിന്റെ ഒരു തുമ്പ് പോലുമില്ലാതെ തെളിഞ്ഞ മുഖം എന്നോടെപ്പഴും ....

                                        അങ്ങനെ ഒരു ദിവസം എനിക്കും കിട്ടി..ഞാന്‍ കാത്തു കാത്തിരുന്ന മിട്ടായി !!ചീരു...പാവക്കുട്ടിയെ കിട്ടി എനിക്ക്..കൌതുകത്തോടെ ഞാന്‍ നോക്കി...ഒരു വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞു കണ്ണ് പോലും തുറക്കാത്ത ഒരു സാധനം...ആദ്യായിട്ട് ഒരു കുഞ്ഞിവാവയെ കണ്ടു ഞാന്‍ .അന്നെനിക്ക് വയസ്സ് അഞ്ച്..അമ്മൂമ്മയുടെ നന്ദിനിക്കുട്ടിയായി..ഞങ്ങളുടെ ചീരുവായി അവളൊരു വിലസല് വിലസി..എന്നും ദിവസത്തെ തള്ളിവിടും .അവളൊന്നു വലുതാവാന്‍ ;എന്റൊപ്പം ഓടിനടക്കാന്‍ ...വര്‍ത്താനം പറയാന്‍ ..എന്നെ  കണ്ടാ  പല്ലില്ലാത്ത വായ തുറന്നു ചിരിക്കും അവള്‍ ..എന്റെ എല്ലാ സങ്കടോം പറപറക്കും.ഉണ്ടപ്പക്രുനെ മടിയില്‍  കിടത്തി ആയിരം കണ്ണും ..കണ്ണാംതുമ്പിം ഒക്കെ പാടി ഉറക്കും..കൂടെ ഞാനും ...അവള്‍ക്ക് കലക്കണ പാല്‍പ്പൊടി ഞാനും കഴിക്കും.അവള്‍ടെ അമ്മൂമ്മ (എന്റെ അമ്മായി )കാണാണ്ടെ കട്ട് എടുക്കും.
                                                 അവള്‍ വലുതായി കൂടെ എന്റെ സന്തോഷവും ...അന്ന് താഴത്ത്‌ (അച്ഛന്റെ തറവാട്,ചീരുന്റെ വീട് )നിറയെ പൂച്ചക്കുട്ടികള്‍  ഉണ്ടായിരുന്നു ...തട്ടിട്ട വീടാണ് അത് .മുന്‍പില്‍ നാലു പാളി വാതില്‍ .തിണ്ണയിലേക്ക്  കയറാന്‍ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ മൂന്നു പടിക്കെട്ടുകള്‍ ണ്ട് .രണ്ടു തരം മുല്ലപ്പടര്‍പ്പുകളുണ്ടവിടെ തോട്ടത്തില്‍  ...ശകുന്തളയുടെ തപോവനം ആയിരുന്നു അവിടം ഞങ്ങള്‍ക്ക് .സെരിലാക് കുട്ടി ..അവള്‍ ഉരുണ്ടു ഉരുണ്ടു സ്കൂള്‍ ബാഗും തൂക്കി വരണത് കാണാന്‍ നല്ല രസാ ..അന്ന് അമ്മാവന് കാര്‍ ണ്ട്.അതിലാ അവള്‍ പോവാറ്...അവള്‍ ഒന്നാം ക്ളാസില്‍ ആയപ്പോഴേക്കും ലചിം വേണു ചേട്ടനും ആലുവയില്‍ വീട്
വച്ച് അങ്ങോട്ട്‌ മാറി ....അതോടെ ആശ്വാസത്തിന്റെ ഒരു കച്ചിതുരുമ്പ് എന്റെ കൈ വിട്ടു പോയി ...6 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും എനിക്ക് എല്ലാമായിരുന്നു അവള്‍ ....

Monday, September 5, 2011

      ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി  പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്‌. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട്  നീറുന്ന കാലുകള്‍ ..  കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട്
  അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന്  വരുന്ന  വാല്യക്കാര്‍  ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന്‍ പാതി അടയുന്ന മിഴികളെ പണിപ്പെട്ടു ഉയര്‍ത്തി,തൊഴുതു നില്‍ക്കുന്ന വെള്ള അടിയുടുപ്പിട്ട കൊച്ചുപെണ്‍കുട്ടി...പിന്നെ കാത്തിരിപ്പാണ് .അച്ഛനുമമ്മയും കോടി ഉടുക്കുന്നത് കാണാന്‍ ..അതോടെ അവള്‍ക്കും ഓണമായി ...

                    ആ കുട്ടി ഇന്നെവിടെ?മാനുഷരെല്ലാരും ഒന്ന് പോലാകുന്ന മാനവധര്‍മ്മം പുലര്‍ത്തിയ മഹാബലിയെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്ന സമൂഹത്തില്‍ ;ജ്ഞാനത്തിന്‍റെ സുതലത്തില്‍ വിരാജിക്കുന്ന മാവേലിയെ നരകത്തില്‍ അന്വേഷിക്കുന്ന സമൂഹത്തില്‍ .. പ്രതികരണ ശേഷി നഷ്ടപ്പെട്ടു നില്‍ക്കുന്ന ഒരു വ്യക്തി...

                 ആ തൊടികളും അവള്‍ ഇറുത്തു മാറ്റിയ പൂക്കളും ഇന്ന് ശപിക്കുന്നുണ്ടാവുമോ? എന്തായാലും ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് അവളും തീര്‍ക്കുന്നു ഒരു പൂക്കളം......!!!

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...