Saturday, November 5, 2011
ഓര്‍മ്മകള്‍ മിന്നല്‍ പിണരുകള്‍ പോലെ പിന്നിലേക്ക്‌ മിന്നി മറയുന്നു .ഉച്ചമയക്കത്തിലാണ്ട എന്റെ 5  വയസ്സുകാരനെയുംകുയിലിനേയും പൂത്താരിയെയും ആസ്വദിക്കാന്‍ പറ്റാത്ത 10 വയസ്സുകാരനെയും നോക്കി കിടന്നപ്പോഴാണ്‌ ഓര്‍മ്മകള്‍ ഒരു പെരുമഴ സൃഷ്ടിക്കാന്‍ തുടങ്ങിയത്..... .                                                     
                                            "പൂത്താം കീരിയാണോ അല്ല കുയിലാണ്.ഇവറ്റക്കൊന്നും വേറെ പണിയില്ലേ".അമ്മ പിറുപിറുത്തു കൊണ്ട് ഉച്ചയുറക്കത്തെ ആട്ടിയകറ്റി അടുക്കളയിലേക്കു നടന്നു.ചായ ഉണ്ടാക്കാനാവണം.ഉമ്മറത്തിരുന്നു കിളികളെയും നോക്കി ആകാശത്തിനോട് വര്‍ത്തമാനം പറയുന്ന എനിക്കും കിട്ടി ശകാരത്തിന്റെ ഒരു പൂള് ."ഉച്ച വെയിലും  കൊണ്ട് നടന്നോ .കറുത്ത്   കരുപ്പെട്ടി   പോലെയാവും ". അതിനല്‍പ്പം പോലും ശ്രദ്ധ നല്‍കാതെ ഞാന്‍ തിരിഞ്ഞു  കിടന്നു.ഇന്ന് ചായക്ക് മധുരം കുറവാകാന്‍ സാധ്യതയുണ്ട്.പൂത്താരികള്‍ ,കുയില്‍ ,ഇരട്ടവാലന്‍ ,അണ്ണാന്‍ , കൂട്ടത്തില്‍ സാമര്‍ത്ഥ്യം കുയിലുകള്‍ക്കാണ്;സ്വാര്‍ത്ഥതയും.എല്ലാരും കൂടി ഇരിക്കുമ്പോള്‍ വന്നു കുത്തിത്തിരിപ്പുണ്ടാക്കും.ഒരു കല്ലെടുത്തെറിയാന്‍ തോന്നിയതാണ്.അതോടെ ഈ തത്സമയ സംപ്രേക്ഷണം അപ്പാടെ പൊളിയും എന്ന് തോന്നിയതോടെ വീണ്ടും വന്നു തിണ്ണയില്‍ കിടന്നു.
                                       "എടീ...ചായ കുടിക്കാന്‍ വര്ണ്ടോ .അങ്ങട്ട് കൊണ്ടര്വോന്നുല്ല്യട്ടോ".വേഗം ചായ എടുക്കാന്‍ ഓടി.ഓടുന്ന വഴി മനസ്സിനോട് പറഞ്ഞു 'നടന്നെ വരാവു,ധൃതി വച്ച് ചായ  തുളുംബ്യ   കിട്ടും നല്ലത്.അച്ഛനും ഉണര്‍ന്നു.ചേച്ചി പഠിപ്പൊക്കെ തല്ക്കാലം നിര്‍ത്തി ഗമയോടെ അമ്മയോടൊപ്പം ഇരുന്നു കായ വറുത്തതും കൊറിച്ചു ചായ കുടിക്കുന്നു."ഇത് രണ്ടെണ്ണം കൊണ്ടോടി"..കായ വറുത്തതെടുക്കാന്‍  തിരിഞ്ഞതും ചായ രണ്ടു തുള്ളി താഴെ.നാല് കണ്ണുകള്‍ എന്നെ തുറിച്ചു നോക്കുന്നു.പിന്നെ ചായ താഴെ വച്ച് വെള്ളം തളിച്ച് നിലം തുടച്ചു വൃത്തിയാക്കി വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്ക് ."ഇനി ഇവടെ ഇരുന്നു ചായ കുടിച്ചാ മതി"ഓ..ഈ ചൂട് ചായ എങ്ങനെ കുടിക്കും.ആ കിളികള്‍ ഇപ്പൊ പോവുല്ലോ.ആ തല്ലുകൂട്ടോം കളിം ബഹളോം ഒക്കെ കണ്ടു ചൂട് ചായ ഊതിയൂതി കുടിച്ചു ഇടക്കൊരു നാല്  വറുത്തതും കടിച്ചിരിക്കണ സുഖം ഇവര്‍ക്കെന്താ മനസ്സിലാകാത്തെ...
                     "അയ്യോ  ഇവറ്റകളീ വലെടെ എടെക്കൂടി കൊത്തിപ്പെറുക്കീണ്ടല്ലോ.ഈ കുട്ടി ഇവടെ ഇരുന്നിട്ട് എന്താപ്പോ കാര്യണ്ടായെ ..ഇതൊന്നും കണ്ടില്ല്യേ "..ഉണക്കാന്‍ വച്ച തേങ്ങേല്‍ കിളികള്‍ കൊത്തിക്കൊത്തി ചിത്രപ്പണികള്‍ രൂപപ്പെട്ടിരുന്നു.പിന്നേ.. ഞാന്‍ അവറ്റകളെ  ഓടിക്ക്യല്ലേ..എന്ത് രസാ അതൊക്കെ കാണാന്‍.അടുത്ത് വന്നിരുന്നു കിളികള്‍ ബഹളം കൂട്ടാന്‍ ഞാന്‍ കൊതിക്കാത്ത ദിവസല്യ.കഷ്ടം !!അമ്മേടെ പ്രാക്കും വിളിം കാരണം ഒക്കെ പറന്നു പോയി...സാരല്യ നാളേം വരുല്ലോ ..അപ്പളക്കും കുറച്ചു അരി മണിം  ഗോതമ്പ് മണിം സംഘടിപ്പിക്കണം.പക്ഷെ ഇട്ടു കൊടുത്തിട്ട്   അവറ്റ മുഴുവന്‍ കൊത്തിയെടുത്തില്ലെങ്കില്‍...അമ്മേടെ കൈ എന്‍റെ ചെവിയില്‍ വച്ച് സങ്കല്‍പ്പിച്ചപ്പോള്‍ അതിനുള്ള ശ്രമം തല്ക്കാലം വേണ്ടെന്നു വച്ചു.

  ഒന്ന് പതുക്കെ പടിഞ്ഞാറെ മാവിന്റെ കൊമ്പിലേക്ക് കയറി ചെവിയോര്‍ത്തു.ശ്രീകൃഷ്ണ  ടാകീസിന്നു പാട്ട് കേള്‍ക്കനുണ്ടോ ഇല്ല്യ കേള്‍ക്കനില്ല്യ ..സിനിമ തുടങ്ങീണ്ടാവും.അതാ കേള്‍ക്കാത്തെ ..മഴ ക്കാലമാണെങ്കില്‍ സുഖാ..  പാടത്തെ വെള്ളത്തിലൂടെ കാറ്റത്ത്‌  തട്ടിത്തട്ടി കേള്‍ക്കാം പാട്ടുകള്‍ ."ഈ കുട്ടി ഇന്ന് പറമ്പിന്നു കേറിട്ടില്ല്യട്ടോ ന്നും".അച്ഛന്‍ പീടികയിലെക്കാണ് ...അമ്മയുടെ പരാതിക്ക് തീര്‍പ്പ്  കല്‍പ്പിക്കാന്‍ എന്നോണം "ഇനി മതി വീട്ടില്‍ വന്നിരിക്കു"...ഇതും പറഞ്ഞു ഇടവഴിയിലേക്കിറങ്ങി."നിനക്കീ പറമ്പില്‍  കളിച്ചു നടക്കുന്ന നേരം എന്തെങ്കിലും പണിയെടുത്തു അമ്മയെ സഹായിച്ചു കൂടെ .. ആ ചൂലോന്നെടുത്തു അടിച്ചു വാരി തളിക്കു"....പഠിപ്പുകാരി സഹോദരിയാണ് ...ഗമക്കാരി ടി.വി കാണുകയാണ് ..ചൂലെടുത്ത്  വന്നു പരമാവധി  ടി.വി യുടെ മുന്‍പില്‍ വൃത്തിയാക്കലില്‍ ആയി എന്‍റെ ശ്രദ്ധ.അവസാനം അടിപിടി ആയപ്പോള്‍ അമ്മ ഇടപെട്ടു.അടിച്ചു വാരി  വിളക്കില്‍ തിരിയിടുമ്പോള്‍ കേട്ടു ശിവേലിയുടെ കൊട്ട്...അടുത്ത് പരിസരത്തുള്ള  അമ്പലങ്ങളിലെല്ലാം ഉത്സവങ്ങളാണ് .കൊട്ടും ആര്‍പ്പുവിളികളും ....പതുക്കെ മുറ്റത്തേക്കിറങ്ങി ...അമ്മ മേല്‍ കഴുകന്‍ പോയി....പഠിപ്പുകാരി പുസ്തകം തിന്നാന്‍ തുടങ്ങിക്കാണും ......                      സന്ധ്യയായി.. വിഷുപക്ഷി  നേരത്തെ എത്തിണ്ട്...അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്.....മേല്‍കഴുകി വിളക്ക് വച്ചു...സന്ധ്യ അയാള്‍ പിന്നെ പുറത്തേക്ക്  ഇറങ്ങില്ല.ഇഴ ജന്തുക്കള്‍ വരും. അത് കൊണ്ട് അമ്മയ്ക്കും സമാധാനം 
                                                              എനിക്ക് ചില സന്ധ്യകള്‍ ഇഷ്ടമല്ല...സന്ധ്യ അമ്പലത്തിലെ നിറ ദീപങ്ങളും  ,പുഴക്കരയിലെ കലമ്പുന്ന മണല്‍ തരികളും ..പാടത്തു നിറയുന്ന താമരകളെ  കൂമ്പിക്കുന്ന സൂര്യാസ്തമയവും  മാത്രമാണ് .അല്ലാത്ത സന്ധ്യകള്‍ എന്റേതല്ല ..പിന്നീടെപ്പോഴോ കണ്ട മേഘ  കൂട്ടങ്ങളും ചേക്കേറുന്ന കിളികളും സന്ധ്യക്കൊരു ഭംഗി തന്നു ..പക്ഷെ അത് താത്കാലികം മാത്രമായിരുന്നു...
                                                                         സന്ധ്യക്ക്‌ കനം കൂടി വന്നു.കറുപ്പിന്റെ കടന്നാക്രമണം സൂര്യന്റെ അവസാനത്തെ രശ്മിയെയും തല്ലിക്കെടുത്തി.ഹാവൂ അച്ഛന്‍ വന്നു .ഇവര്‍ക്കൊന്നും ഇരുട്ടിനെ പേടിയെ ഇല്ല.ഇരുട്ടായാല്‍  കേള്‍ക്കുന്നതും കാണുന്നതും എല്ലാം എനിക്ക് തരുന്നത് ഭയമാണ് ..ഭയത്തിനു ഇരുട്ടിന്റെ നിറമാണ് .പുള്ള്,കാലന്‍ കോഴി,ഇടനാഴിയിലെ ക്ലോകിന്റെ പെന്‍ഡുലം എല്ലാം എനിക്ക് ഭയത്തിന്റെ ശബ്ദങ്ങളാണ്.പകല്‍ കാണുന്ന വാഴയും വാഴയിലയും ജനലഴികളില്‍ മുഖമമര്‍ത്തി ഇരുട്ടിനെ തറപ്പിച്ചു നോക്കുമ്പോള്‍ ആയിരം കൈ ഉയര്‍ത്തി എന്റെ നേര്‍ക്ക്‌ അലറിയടുക്കുന്ന ഭൂതങ്ങളാകുന്നു.
                                                               ഊണ് കഴിഞ്ഞു കിടന്നതെയുള്ളൂ .........."ഇതിന്നു പറമ്പീന്ന് കേറീട്ടില്ല്യന്നും.നല്ല ക്ഷീണം ണ്ടാവും .അതാ കിടന്നപ്പളക്കും ഉറങ്ങ്യെ.അമ്മയുടെ ശബ്ദത്തിനൊരു ആര്‍ദ്രത.അച്ഛന്‍ അതിനു മറുപടിയായി മൂളിക്കാണണം.അത് കേള്‍ക്കാന്‍ മനസ്സ് കാത്തു നിന്നില്ല.അത് അതിലേറെ തളര്‍ന്നിരുന്നു.ഗമക്കാരി വേഗം വന്നു കിടക്കണേ ...തന്നെ കിടന്നുറങ്ങാന്‍ എന്നും പേടിയാണ് ....
                                                             ഓഹ്...അലോസരപ്പെടുത്തുന്ന ഒരു ശബ്ദം..മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന മണലിനെയും സൂര്യനെയും തോല്‍പ്പിക്കുന്ന ശീതികരണ യന്ത്രം ഒന്ന് നാട് ചായ്ക്കാന്‍ ശ്രമിച്ചതാണ് .എഴുന്നേറ്റു അടച്ചു പൂട്ടി ഭദ്രമാക്കി വച്ച ചില്ലു ജാലകത്തിലൂടെ പുറത്തേക്കു നോക്കി .ചുറ്റിനും അടുക്കി ഭദ്രമാക്കി വച്ചിരിക്കുന്ന തീപ്പെട്ടിക്കൂടുകള്‍ .കത്തിക്കാളുന്ന സൂര്യന്‍ .ചൂടുണ്ടാകും പുറത്ത്‌.ഞാന്‍ അതൊന്നും അറിയുന്നില്ല.കാറുകള്‍ തിരക്ക് പിടിച്ചു പലരൂപത്തില്‍ പല ഭാവത്തില്‍ പരക്കം പായുന്നു.ഇവിടുള്ളവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് വാഹനങ്ങളിലാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് .ഇവിടെയുള്ള പക്ഷി വര്‍ഗം പ്രാവുകളാണ്.മനുഷ്യപ്പറ്റ് എന്നാ വാക്ക് ഇവക്കു ചേരാത്തത് കൊണ്ട് കിളിപ്പറ്റ് എന്നോ പക്ഷിപ്പറ്റ്  എന്നോ പറയാം.അത് തീരെയില്ലാത്ത വര്‍ഗം.അല്‍പ്പം ഭക്ഷണം കൊടുത്താല്‍ നിനക്ക് വേണെങ്കില്‍ ഞാന്‍ കഴിക്കാം.എനിക്ക് വേണ്ടിട്ടല്ലെന്നു ധ്വനിക്കുന്ന നോട്ടവുമായി നില്‍ക്കും അവറ്റകള്‍ .കടുത്ത ചൂടും തണുപ്പും അതിന്റെ മനസ്സും അങ്ങനെ ആക്കിയിട്ടുണ്ടാകും
                                ഇവിടം നിശബ്ദമാണ് .നിശബ്ദത  ഭീകരതയുടെ മറുപുറമാണ്.ആകെ   കേള്‍ക്കുന്നത്   യന്ത്രങ്ങളുടെ ശബ്ദം.പിന്നെ ഈശ്വരനെ അലറി വിളിക്കുന്ന ചില ശീലുകളും.ഇന്ന് അടിച്ചു വരളും വിളക്കില്‍ തിരിയിടലും നാമം ചൊല്ലലും യാന്ത്രികമായി നടക്കുന്നു. ഇവിടെ സന്ധ്യയില്ല;പകലില്ല ;എന്റെ നേര്‍ക്ക്‌ വരുന്ന ഭൂതങ്ങലില്ല;ഭയവുമില്ല.ക്ളോക്ക് ഒരു വട്ടം ഓടിക്കിതച്ച്‌ എത്തുമ്പോള്‍  പറയുന്നതാണ്  സമയം.അച്ഛനും അമ്മയും കാലത്തിന്റെ കൈകളാല്‍ വര്ധക്യമെന്ന ചായം പൂശിയിരിക്കുന്നു.അവര്‍ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുന്ന;പരിഷ്കാരത്തിന്റെ മായം  കറയേല്‍പ്പിക്കാത്ത മകളെയും പേരകുട്ടികളെയും കാത്തു കഴിയുന്നു.ഗമക്കാരി ജോലിയും പ്രാരബ്ധവും ആയി കൂടുന്നു.എന്റെ ഓര്‍മ്മ ചെപ്പില്‍ ഞാന്‍ സൂക്ഷിച്ചു വച്ച ഓരോന്നും എന്റെ കുട്ടികളുടെ നഷ്ടങ്ങളാകുന്നു.അവരുടെ  ഇഷ്ടനിഷ്ടങ്ങള്‍ക്കും   കളികള്‍ക്കും  മുന്‍പില്‍  ഞാന്‍ നിശബ്ദയാകുന്നു.ഞാന്‍ ഇവരേ അല്ല.ഇവരില്‍ എനിക്കെന്നെ കാണാന്‍ കാണാന്‍ കഴിയുന്നില്ല .ഇവര്‍ക്കത്  മനസ്സിലാകുമോ?അറിയില്ല ...അവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടാവട്ടെ.മനസ്സ് തേങ്ങുമ്പോള്‍ ആര്‍ദ്രമാക്കാനുള്ള ഓര്‍മ്മകള്‍ അവരും സൂക്ഷിക്കട്ടെ.

                                                     കാര്‍മേഘത്തെ ഭയക്കാത്ത നീലാകാശമാണ്‌  ഇവിടെ അധികവും.തിരക്കിട്ട് പരസ്പരം ഓടുന്ന കുട്ടി മേഘങ്ങള്‍ .ജ്വലിക്കുന്ന അഗ്നി ഗോളത്തെ പിടിച്ചു വലിച്ചു താഴ്ത്തുന്ന പടിഞ്ഞാറ് .തെളി നിലാവിന്റെ കുളിര്‍മ ...ഇവിടത്തെ ആസ്വാദനം ഇത്രയില്‍ തീരുന്നു...  റീ ഷെഡ്യൂൾ ...

ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം. .വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും  പിടുത്തവും കിട്ടാത്ത  ക...