Monday, September 5, 2011

      ഇന്ന് മൂലം..മൂല തിരിഞ്ഞു പൂക്കളം ഇടുന്ന ദിവസം.. പൂത്തറ മെഴുകി  പൂക്കളം ഇടുന്ന ദിവസം.തൃക്കാ ക്കരപ്പനും മുത്തിയമ്മയും കളിക്കോപ്പുകളും തയ്യാറാവുന്നു.അവധിക്കാലത്തിന്റെ തിമിര്‍പ്പ് കൂടുതല്‍ മുക്കൂറ്റി തുമ്പ ഒടിച്ചുകുത്തി കോളാമ്പി ഈട്ടാമിക്കികള്‍ക്കാണ്‌. പാടത്തും പറമ്പിലും ഓടി നടക്കുമ്പോള്‍ തൊട്ടാവാടി കൊണ്ട്  നീറുന്ന കാലുകള്‍ ..  കൊല്ലത്തില്‍ ഒരിക്കല്‍ വന്നെത്തുന്ന ഓണക്കോടി തൊട്ടും തലോടിയും വാസനിച്ചും ഓമനിക്കുന്ന കൊച്ചു കൈകള്‍ .നേന്ത്രക്കായ വട്ടത്തിലും നാലായും ശര്ക്കരവരട്ടിയായും ഒക്കെ മാറുന്നത് കാണുന്ന തിളങ്ങുന്ന കണ്ണുകള്‍ ."കുളിക്യ കുറി തൊടുക തുമ്പ മലരിടുക....കണ്ണെഴുത്ത് ചാന്തുപൊട്ട് സ്ത്രീ പിള്ളേര്‍ക്കാചാരം...പാണപ്പാട്ടും കേട്ട്
  അച്ഛന്‍റെ വിരല്‍തുമ്പില്‍ തൂങ്ങി നടക്കുന്ന ബാല്യം ...ഉത്രാടത്തിന്  വരുന്ന  വാല്യക്കാര്‍  ..അവരുടെ തിളങ്ങുന്ന മുഖങ്ങളില്‍ നിറയുന്ന തൃപ്തി!!..മാവേലിയുടെ വരവേല്‍പ്പിനായി എത്തുന്ന തുമ്പക്കുടങ്ങള്‍ ..അതിരാവിലെ കുരവയിട്ടു മാവേലിയെ എതിരേറ്റു പൂജിക്കുമ്പോള്‍ .. അച്ഛനമ്മമാരുടെ പരിശ്രമത്തിനു ഭാഗഭാക്കാകാന്‍ പാതി അടയുന്ന മിഴികളെ പണിപ്പെട്ടു ഉയര്‍ത്തി,തൊഴുതു നില്‍ക്കുന്ന വെള്ള അടിയുടുപ്പിട്ട കൊച്ചുപെണ്‍കുട്ടി...പിന്നെ കാത്തിരിപ്പാണ് .അച്ഛനുമമ്മയും കോടി ഉടുക്കുന്നത് കാണാന്‍ ..അതോടെ അവള്‍ക്കും ഓണമായി ...

                    ആ കുട്ടി ഇന്നെവിടെ?മാനുഷരെല്ലാരും ഒന്ന് പോലാകുന്ന മാനവധര്‍മ്മം പുലര്‍ത്തിയ മഹാബലിയെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്ന സമൂഹത്തില്‍ ;ജ്ഞാനത്തിന്‍റെ സുതലത്തില്‍ വിരാജിക്കുന്ന മാവേലിയെ നരകത്തില്‍ അന്വേഷിക്കുന്ന സമൂഹത്തില്‍ .. പ്രതികരണ ശേഷി നഷ്ടപ്പെട്ടു നില്‍ക്കുന്ന ഒരു വ്യക്തി...

                 ആ തൊടികളും അവള്‍ ഇറുത്തു മാറ്റിയ പൂക്കളും ഇന്ന് ശപിക്കുന്നുണ്ടാവുമോ? എന്തായാലും ഓര്‍മ്മകളുടെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് അവളും തീര്‍ക്കുന്നു ഒരു പൂക്കളം......!!!

No comments:

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...