എല്ലാ ലോനപ്പന്മാരും മാത്തച്ചന്മാരും ...........

ഒരു വിവാഹ നിശ്ചയം! ഈ മരുഭൂവിലെ ഒരു സായാഹ്നം അങ്ങനെ പോകുന്നതിന്‍റെ ഒരു രസത്തിലായിരുന്നു ഞാന്‍.ഇതേ വരെ കാണാത്ത എന്തോ ഒന്ന് എന്നുള്ള ഒരു തോന്നല്‍ ആ രസത്തിനു ആക്കം കൂട്ടി... ഒരു ക്രിസ്ത്യന്‍ വിവാഹനിശ്ചയം.കാട്ടിക്കൂട്ടാനുള്ള മലയാളിയുടെ ത്വര ആ ഹാളിന്‍റെ വാതില്‍പ്പടി  മുതല്‍ എന്‍റെ രസത്തിന്‍റെ  കഴുത്തില്‍ കത്തി വക്കാന്‍ തുടങ്ങി.നാണത്തില്‍ മുങ്ങിയൊന്നും  അല്ലെങ്കിലും അല്പം നമ്രമുഖിയായി ഞാന്‍ പ്രതീക്ഷിച്ച വധു അതാ സാരി വലിച്ചു വാരി ഉടുത്ത് അലസമായ മുടിയിഴകളുമായി ആംഗലേയ സ്വാധീനത്തിന് വിധേയപ്പെട്ട നാവുമായി അലറുന്നു.തണുപ്പിനെയും കാറ്റിനെയും ചീത്ത പറയുകയാണ് പാവം.എന്‍റെ രസത്തെ അതെ പടി നിലനിര്‍ത്താന്‍ കൂടെ കെട്ടി ഒരുങ്ങി വന്ന സ്ത്രീ ജനങ്ങളുമായിഞാന്‍  അകത്തേക്ക് പാഞ്ഞു.ആഹാ!!!!എന്താ രസം.എന്‍റെ രസത്തിനു സമാധാനമായി.ചിട്ടയോടെ ഭംഗിയായി ഒരുക്കിയിരിക്കുന്ന ഹാള്‍.എല്ലാവരെയും
സ്വീകരിക്കാന്‍ നിരന്നു നില്‍ക്കുന്ന പരിചാരക വൃന്ദം.ഞാനും എന്‍റെ  കൂടെയുള്ളവരും വേദിക്ക്  അഭിമുഖമായി സ്ഥാനം പിടിച്ചു.അതാ ശ്വാസം മുട്ടുന്ന കോട്ടിന്‍റെ ഉള്ളില്‍ കയറിയ ഒരു പയ്യന്‍ സദസ്സിനെ അഭിസംബോധന ചെയ്യാന്‍ വന്നിരിക്കുന്നു. ഭാഷ ഇവിടെയും ആംഗലേയം തന്നെ.എല്ലാ ലോനപ്പന്മാരും മാത്തച്ചന്‍മാരും ഒന്ന് ഇരിക്കണം.ആരും കൂട്ടം കൂടി നില്‍ക്കരുത്. ഞാന്‍ പറയുന്നതിനിടക്ക് ആരും തങ്ങളുടെ കാണാതായ മക്കളെ തപ്പി പോകുന്നത് കാണാന്‍ ഇട വരരുത്..പ്ലീസ്......ഞാന്‍ ചുറ്റും നോക്കി.അധികവും 50 60 വയസ്സിനിടക്കുള്ളവര്‍.ഈ അവതാരക കോമാളിയെ അനുസരിക്കനെന്നോണം ആകെ നിശബ്ദത പരന്നു.എന്‍റെ രസം എന്നെ നോക്കി കണ്ണുരുട്ടി.ആ കണ്ണിലൂടെ ഞാന്‍ കണ്ടു.പുതിയ തലമുറ...അവരുടെ ഭാഷ ,ഭാവം, രൂപം.പെട്ടന്ന് അവതാരകന്‍റെ ശബ്ദം ഉയര്‍ന്നു.ചെണ്ടയുടെ ശബ്ദം.പട്ടാള ക്യാമ്പില്‍ നിന്നും ഞാന്‍ പൂരത്തിന് നടുവിലേക്ക് എത്ത്യോ ......ഓ അല്ലല്ല ചെറുക്കന്‍ പാര്‍ട്ടി ടെ വരവ്.ചെണ്ടയില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ വാദ്യകലാകരന്മാര്‍ മേളം ഉതിര്‍ത്തപ്പോള്‍ അലസ സുന്ദരികളുടെ മെഴുകുതിരി നാളങ്ങളുടെ അകമ്പടിയോടെ വരന്‍ എത്തുന്നു. എല്ലാവരും എഴുന്നേറ്റു  നിന്നു വേണം വരനെ ആനയിക്കാന്‍.പിന്നാലെ വധുവും എത്തി.വധുവില്‍ നിന്നും നാണം നാണിച്ചിട്ട്‌ എന്നപോലെ  മാറിനിന്നു.അവതാരകന്‍റെ  വാക്കുകള്‍ക്കു കട്ടി കൂടി.ചടങ്ങുകള്‍ വേഗം അവസാനിച്ചു. അടുത്തതായി ചെറുക്കന്‍റെ അവതാരകന്‍ വന്നു.അപ്പൊ നേരത്തെ കണ്ടത് വധുവിന്‍റെ അവതാരകന്‍.പട പേടിച്ചു പന്തളത്ത്  ചെന്നപ്പോ .......എന്ന അവസ്ഥയായി.ശ്രദ്ധിച്ചു കാതോര്‍ത്താല്‍ പോലും മനസ്സിലാകാത്ത ഭാഷയായിരുന്നു ഈ കോമാളിയുടെത്.വധൂവരന്മാരുടെ കുട്ടികാലത്തെ ഫോട്ടോ വച്ചുള്ള ദൃശ്യ വിരുന്നു,വധുവിന്‍റെ അനുജന്‍റെ വെളിപ്പെടുത്തല്‍ .....ഇവളെനിക്ക് അമ്മയാണ് ;ചേച്ചിയല്ല..ശബ്ദത്തില്‍ വിറയല്‍ വരുത്താന്‍ ആ കുട്ടി വല്ലാതെ ശ്രമിച്ചു നോക്കി.എനിക്ക് തോന്നിയത് വേണ്ടത്ര പരിശീലനം നടത്താതെയാണ് ആ പയ്യന്‍ എത്തിയത് എന്നാണ്. മറ്റുള്ളവര്‍ക്കു എന്താണാവോ തോന്നിയത്.ഇത്രയും എത്തിയപ്പോഴേക്കും എന്‍റെ മക്കളും എന്‍റെ  രസവും  തമ്മില്‍ പിടിയും വലിയും ആയി.ഭക്ഷണം ഒരുക്കിയിരിക്കുന്നു. വേണ്ടവര്‍ ദയവു ചെയ്തു ദയവുചെയ്ത് നിരയായി പോകുക.ദൈവ ഭയമുള്ള കുഞ്ഞാടായത് കൊണ്ടു അവതാരകന്‍ എല്ലാറ്റിനും പുറകില്‍ ദയവു ചേര്‍ത്തിരുന്നു.വരി നീങ്ങി തുടങ്ങി.ഭക്ഷണത്തിനോട് വിരക്തി തോന്നുന്ന തരത്തില്‍ ഒരു പാട് ഭക്ഷണം.അല്‍പ്പം എന്തോ ഒന്നെടുത്തു ഞങ്ങള്‍ സ്ഥലത്ത് വന്നിരുന്നു.അവതാരകര്‍ ഒരുപാട് പേരായി .അവര്‍ അവരുടെ മാത്രം ലോകത്ത് വിഹരിക്കുന്നു.മറ്റാരും അവരുടെ ലോകത്തിലെങ്ങും ഇല്ലാത്ത അവസ്ഥ.സ്വാര്‍ത്ഥത  മണക്കുന്ന  അന്തരീക്ഷം.അഹങ്കാരം വീശിയടിക്കുന്ന തണുപ്പ്.തണുപ്പിനെശക്തിപ്പെടുത്താ നെന്നോണം അവരുടെ അട്ടഹാസങ്ങള്‍.ഞങ്ങള്‍ വേഗം യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി.പുറത്തെ തണുപ്പില്‍ പൊതിഞ്ഞു കുറച്ചു സമയം ഇരുന്നു.ആകാശത്ത് പൂര്‍ണചന്ദ്രന്‍!!എത്ര തന്നെ മാറ്റങ്ങള്‍ വന്നാലും ആ പുതുമയുടെ നൈര്‍മല്ല്യവുമായി നില്‍ക്കുന്ന ചന്ദ്രന്‍...ആകാശകൊട്ടാരം തകര്‍ന്നടിഞ്ഞ സങ്കടത്തോടെ നില്‍ക്കുന്ന എന്‍റെ രസ ത്തോട് ഞാന്‍ പറഞ്ഞു....നമ്മുടെ ഭാഗ്യം നോക്കു !!നമ്മള്‍ ഈ തലമുറയില്‍ പെട്ടവരല്ല.ബഹുമാനത്തിന്‍റെയും സ്നേഹത്തിന്‍റെയും നിസ്വാര്‍ത്ഥതയുടെയും ഇവര്‍ക്കറിയാത്ത ഭാഷ നമുക്കറിയാം.നമ്മുടെ ശിരസ്സിലോ പഴയ തലമുറയുടെ ആശിര്‍ വാദത്തിന്‍റെ  ഊഷ്മളതയും........ഞാനും എന്‍റെ രസവും പരസ്പരം നോക്കി ചിരിച്ചു .ആശ്വാസത്തിന്‍റെ നിഷ്കളങ്കമായ ചിരി ...............          

Comments

Popular posts from this blog

അണിയിലെ കൊച്ചമ്പ്രാട്ടി .....